ലോക്ക്ഡൗണ്‍ ലംഘിച്ചതില്‍ ചന്ദ്രബാബു നായിഡു മാപ്പ് പറയണം: വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹം ക്വാറന്റീനില്‍ പോകാന്‍ തയാറാകണമെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നിന്നും റോഡ് മാര്‍ഗം ആന്ധ്രപ്രദേശിലെത്തിയ ചന്ദ്രബാബു നായിഡുവിനെ വലിയൊരു സംഘമാണ് അനുഗമിച്ചത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം എത്തിയ നായിഡുവിനെ സ്വീകരിക്കാനും വലിയ ജനക്കൂട്ടം എത്തിയിരുന്നു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതിനുശേഷവും റോഡ് മാര്‍ഗം യാത്ര ചെയ്തത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യം മെയ് 31 വരെ ലോക്ക്ഡൗണിലാണ്. കോവിഡ് നിര്‍ദേശങ്ങളും സാമൂഹ്യ അകലവും പാലിച്ചുകൊണ്ടാണ് ജനങ്ങള്‍ ജീവിക്കുന്നത്. ഇതിനിടെയാണ് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ചുകൊണ്ട് റാലിയും സാമൂഹ്യ അകലം പാലിക്കാതെയുള്ള സ്വീകരണങ്ങളും മാസ്‌ക് പോലും ധരിക്കാതെയുള്ള മാല ചാര്‍ത്തലും നടന്നത്. അദ്ദേഹത്തെപോലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് ഇതെല്ലാം ചെയ്യാന്‍ കഴിയുന്നത് എങ്ങനെയാണ്? അദ്ദേഹം മാപ്പ് പറയണമെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പറഞ്ഞു.

റെഡ് സോണില്‍ നിന്നും വന്നതിനാല്‍ ചന്ദ്രബാബു നായിഡു തീര്‍ച്ചയായും ക്വാറന്റീനില്‍ പോകണം. രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യമായി ഉപയോഗിക്കാനാണ് നായിഡു ശ്രമിക്കുന്നതെന്നും വൈ.എസ്.ആര്‍ കോണ്ഗ്രസ് നേതാവ് ഗഡിക്കോട്ട ശ്രീകാന്ത് റെഡ്ഢി കുറ്റപ്പെടുത്തി.

Top