‘ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം അബദ്ധം’; തുറന്നുപറഞ്ഞ് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നും ടിഡിപി പുറത്തുപോന്നത് അബദ്ധമായി പോയെന്ന് തുറന്നുപറഞ്ഞ് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച്ച വിശാഖപട്ടണത്ത് പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്.

ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസർക്കാരുമായും ബിജെപിയുമായും തെറ്റിയതെന്നും എന്നാൽ പാർട്ടിക്ക് ഇത്‌ നഷ്ടങ്ങൾ മാത്രമുണ്ടാക്കിയെന്നുമാണ് ചന്ദ്രബാബു നായിഡു പറയുന്നത് . എൻഡിഎയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു.

തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇരുപാർട്ടികൾക്കും ഇതുകൊണ്ടു നഷ്ടമുണ്ടായി- പാർട്ടി അണികളോട് നായിഡു പറഞ്ഞു. തലസ്ഥാനമായ അമരാവതിയുടെ നിർമാണം, പൊളാവരം പദ്ധതി, പ്രത്യേക പദവി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്യാബിനറ്റിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്.

വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്നാണ് ഇതേ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. മുന്നണി വിടാനുള്ള തീരുമാനം പരസ്യമാക്കുന്നതിന് മുൻപ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങൾക്ക് മറ്റൊരു അവസരം നൽകാൻ വിസമ്മതിച്ചു- നായിഡു പറഞ്ഞു.

സംസ്ഥാന വിഭജന കാലത്തേ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുമെന്ന് പറ‌ഞ്ഞിരുന്നെങ്കിലും കേന്ദ്രം വാക്കുമാറിയതോട കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ടിഡിപി എന്‍ഡിഎ വിടുകയായിരുന്നു. രാഷ്ട്രീയപരമായി സഹകരിച്ചെങ്കിലും ബിജെപിയുടെയും എന്‍ഡിഎയുടെയും ആദര്‍ശങ്ങളില്‍ തുടക്കകാലം മുതല്‍ക്കേ ഭിന്നിപ്പുണ്ടായിരുന്നെന്നാണ് എന്‍ഡിഎ വിട്ടതിന് പിന്നാലെ ചന്ദ്രബാബു നായിഡു പറഞ്ഞത്. കൂടാതെ ആര് പ്രധാനമന്ത്രിയായാലും അത് നരേന്ദ്ര മോദിയെക്കാളും നല്ലതായിരിക്കുമെന്നും അന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

Top