നായിഡുവിനെതിരെ പുതിയ നീക്കവുമായി ജഗന്‍മോഹന്‍ റെഡ്ഡി

വിജയവാഡ: ചന്ദ്രബാബു നായിഡുവിനെതിരെ പുതിയ നീക്കവുമായി ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ നായിഡുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചിരിക്കുകയാണിപ്പോള്‍. നായിഡുവിന്റെ മകന്‍ നര ലോകേഷിന്റെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി, പകരം നാല് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയത്.

അതേസമയം, പുതിയ സര്‍ക്കാരിന്റെ നീക്കത്തില്‍ ടിഡിപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഈ മാസം ആദ്യം നായിഡുവിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരേ ടിഡിപി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ ചിലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച പ്രജാ വേദിക എന്ന പേരിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുമാറ്റാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടിരുന്നു.

Top