വ്യോമ അഭ്യാസ പ്രകടനത്തിന് അനുമതി നല്‍കിയില്ല; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായ് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: കേന്ദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശ് വിശാഖ ഉത്സവത്തോട് അനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വ്യോമ അഭ്യാസ പ്രകടനത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നിഷേധിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്.

അനുമതി നിഷേധിച്ചതോടെ ,ഒരു ഉത്സവം ആഘോഷിക്കാന്‍ പോലും കേന്ദ്രം അനുവദിക്കുന്നില്ലെ എന്നും, ആന്ധ്രാ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലേ എന്നുമാണ് നായിഡു പ്രതികരിച്ചത്‌. എയര്‍ ഷോയ്ക്കായി നേരത്തെ തന്നെ കേന്ദ്രത്തോട് സംസ്ഥാനം അനുമതി ചോദിച്ചിരുന്നു.

പൈലറ്റ് ഉള്‍പ്പെടെ ഒമ്പത് വിമാനങ്ങള്‍ എയര്‍ ഇന്ത്യ വിശാഖപട്ടണത്തേക്ക് അയച്ചിരുന്നെങ്കിലും അവസാന നിമിഷം കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം തിരികെ മടങ്ങി. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 1997 മുതല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വിശാഖ ഉത്സവം സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹികസാംസ്‌കാരിക പ്രത്യേകതകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

Top