പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർത്തലാക്കാൻ ചണ്ഡീഗഡ്

പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ 2022-23 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ നിർത്തലാക്കാനുള്ള ചണ്ഡീഗഡ് ഭരണകൂടത്തിന്റെ നയം കാരണം നൂറുകണക്കിന് ഉപഭോക്താക്കൾ പെടാപ്പാടു പെടുന്നതായി റിപ്പോര്‍ട്ട്. രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് അതോറിറ്റിയുടെ (ആർ‌എൽ‌എ) അറിയിപ്പ് അനുസരിച്ച് 2023 ഫെബ്രുവരി 10 മുതൽ നഗരത്തിലെ ഐസിഇ (ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ) ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിർത്തിവച്ചിരിക്കുകയാണ്. പരിസ്ഥിതി ലക്ഷ്യം കൈവരിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രസ്‍താവന.

ഇതോടെ നൂറുകണക്കിന് ആളുകളാണ് കുടുക്കിലായിരിക്കുന്നതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസായ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇരുചക്രവാഹനങ്ങൾ വാങ്ങിയ ആളുകൾക്ക് അവരുടെ ഹൈ-സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളും (എച്ച്എസ്ആർപി) ഫിസിക്കൽ ആർസി കോപ്പികളും ഇപ്പോൾ ലഭിക്കില്ല. കൂടാതെ വാഹൻ പോർട്ടലിൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ഡീലർമാർക്ക് കഴിയാത്തതിനാൽ പലരും വാങ്ങിയ പുതിയ വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്.

ഇത്തരമൊരു നിയമം ഏകപക്ഷീയവും ഉപഭോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതുമാണെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഡീലര്‍ വ്യക്തമാക്കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം ഇരുചക്രവാഹനങ്ങൾ വാങ്ങിയവരോ വാങ്ങാൻ പോകുന്നവരോ ആണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. പലരുടെയും ഉപജീവനമാർഗമാണ് ഇരുചക്രവാഹനങ്ങള്‍ എന്നും പരാതികള്‍ ഉയരുന്നുണ്ട്.

“പ്രായോഗിക പരിമിതികൾ പരിഗണിക്കാതെയാണ് നയം തയ്യാറാക്കിയിരിക്കുന്നത്, ഇലക്ട്രിക് 2-വീലറുകളുടെ ഉത്പാദനം മൊത്തത്തിലുള്ള ഇരുചക്രവാഹനങ്ങളുടെ 35 ശതമാനമല്ലെങ്കിൽ, വിൽപ്പന 35 ശതമാനമാക്കണമെന്ന് ഭരണകൂടത്തിന് എങ്ങനെ നിർബന്ധിക്കാനാകും?” പലരും ചോദിക്കുന്നു

നഗരത്തിൽ വിരലില്‍ എണ്ണാവുന്ന പൊതു ചാർജിംഗ് സ്റ്റേഷനുകൾ മാത്രമേയുള്ളൂ എന്നും അവയിൽ മിക്കതും പ്രവർത്തനരഹിതമായ അവസ്ഥയിലാണ് എന്നും പരാതികള്‍ ഉയരുന്നുണ്ട്.

“ഇവി ഉൽപ്പന്നങ്ങൾക്ക് ഏകദേശം ഇരട്ടി വിലയുണ്ട്. എനിക്കത് താങ്ങാനാവുന്നില്ല. കൂടാതെ, ചാർജിംഗ് പോയിന്റുകൾ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ചണ്ഡീഗഡിൽ നിന്ന് ലുധിയാനയിലേക്ക് പോകും? ചാർജിംഗ് പോയിന്റുകൾ ഉണ്ടെങ്കിൽ പോലും അത് ചാർജ് ചെയ്യാൻ മണിക്കൂറുകളെടുക്കും. എന്തുകൊണ്ടാണ് എനിക്ക് സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തത്?” ഒരു ദുരിതബാധിതനായ ഉപഭോക്താവ് ചോദിക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായ ഹീറോ സ്‌പ്ലെൻഡറിനും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്‌ടിവയ്‌ക്കും ഏകദേശം 80,000 രൂപയാണ് വില. അതേസമയം ഒല, ആതർ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഒരു ലക്ഷം രൂപയില്‍ അധികമാണ് . അങ്ങനെ, കൂടുതലും ഇടത്തരം, താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കളുടെ മേൽ അധിക ഭാരം ചുമത്തുന്നതാണ് ഈ നയമെന്നും പരാതികള്‍ ഉയരുന്നുണ്ട്.

ഇവികളിലേക്ക് വ്യക്തമായ മാറ്റമുണ്ട് എന്നും സർക്കാരും വ്യവസായ മേഖലയും മുഴുവൻ സമയവും അതിനായി പ്രവർത്തിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം അത്തരമൊരു നിയമം സ്ഥാപിക്കുന്നതിലൂടെ, പ്രാദേശിക അധികാരികൾ സ്വതന്ത്ര വിപണിയെ നിയന്ത്രിക്കുകയാണ് എന്നും ഇത് മൊത്തത്തിലുള്ള പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഇവി നയം അനുസരിച്ച് 2024-25 സാമ്പത്തിക വർഷം (ഏപ്രിൽ 2024) മുതൽ ഇലക്ട്രിക് ഇതര ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും രജിസ്ട്രേഷൻ നിർത്തും. കഴിഞ്ഞ വർഷത്തെ പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന രജിസ്ട്രേഷനുകളുടെ 65 ശതമാനം നിലവാരം കൈവരിച്ചതിന് ശേഷം ഈ സാമ്പത്തിക വർഷം ഫെബ്രുവരി 10 മുതൽ നോൺ-ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർത്തിവച്ചിരുന്നു.

ഐസിഇ ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിർത്തലാക്കാനുള്ള ഉത്തരവിൽ ചണ്ഡീഗഡ് ഭരണകൂടം പറയുന്നത് ഇങ്ങനെയാണ്. “ആരോഗ്യകരമായ പരിസ്ഥിതിയുടെ താൽപ്പര്യത്തിൽ ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും ഇലക്‌ട്രിക് ഇതര വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും നയം ലക്ഷ്യമിടുന്നു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ റോഡ് നികുതിയിൽ ഇളവ് നയത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. അതോടൊപ്പം, നോൺ-ഇലക്‌ട്രിക് വാഹനങ്ങൾ പരിമിതപ്പെടുത്തുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി, അവയുടെ രജിസ്‌ട്രേഷൻ പരിധി നിശ്ചയിക്കുന്നതിനുള്ള വ്യവസ്ഥയും പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്”

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭരണകൂടം അതിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം 2022 പ്രഖ്യാപിച്ചു. ഈ നയമനുസരിച്ച്, മുൻവർഷത്തേക്കാൾ ഫോർ വീലറുകളിൽ 10 ശതമാനവും ഇരുചക്രവാഹനങ്ങളിൽ 35% ഉം കുറവ് നഗരത്തിലെ രജിസ്ട്രേഷൻ നിയന്ത്രിച്ചുകൊണ്ട് ആദ്യ വർഷം ലക്ഷ്യമിടുന്നു.

അതേസമയം ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‍സ് അസോസിയേഷൻ (എഫ്എഡിഎ) നയത്തിൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡിവിഷൻ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയിച്ചിട്ടുണ്ട്.

Top