ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കൈയ്യകലത്തില്‍ പിടിക്കാന്‍ പ്രത്യേക സംവിധാനം

ചണ്ഡീഗഡ്: കോവിഡ് ഭീതിക്കിടയില്‍ രാജ്യമെമ്പാടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാപ്പകലില്ലാതെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസുകാരും നിരത്തുകളില്‍ സജീവമാണ്.

എന്നാല്‍ പലരും ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് അനാവശ്യമായി കറങ്ങി നടന്ന് പൊലീസുകാര്‍ക്ക് പണിഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വിലക്ക് ലംഘിച്ച് കറങ്ങി നടക്കുന്നവരെ കയ്യോടെ പിടിക്കാന്‍ ശ്രമിച്ച ക്രമസമാധാനപാലകരായ പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇങ്ങനെ പൊലീസുകാര്‍ക്കും വൈറസ് ബാധ ഏല്‍ക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ കോവിഡ് കാലത്ത് ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കയ്യകലത്തില്‍ നിന്നുകൊണ്ട് പിടികൂടാന്‍ സഹായിക്കുന്ന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്. ചണ്ഡീഗഡ് പൊലീസിലെ വി.ഐ.പി സുരക്ഷാ ചുമതലയുള്ള പൊലീസ് വിഭാഗമാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ചണ്ഡീഗഡ് ഡി.ജി.പി തന്റെ ട്വിറ്റര്‍ അണ്ടൗണ്ടിലൂടെയാണ് ഈ സംവിധാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ ലംഘിക്കുന്നവരെ ഈ ഉപകരണം ഉപയോഗിച്ച് പിടികൂടുന്നതിന്റെ ട്രയല്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് അടി നീളമുള്ള ലോഹദണ്ഡാണ് ഉപകരണത്തിന്റെ പ്രധാന ഭാഗം. ഇതിന്റെ ഒരു തലക്കല്‍ പൊലീസ് പിടിക്കും. മറുതലക്കല്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരുടെ ഇടുപ്പില്‍ ഘടിപ്പിച്ച ശേഷം പൊലീസ് വാഹനത്തിലേക്ക് നീക്കാനാകുംവിധമാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നത്.

ഈ ഉപകരണം പൊലീസുകാരുടെ കയ്യിലെ പിടിയിലുള്ള സ്ലൈഡിംഗ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ലോക്ഡൗണ്‍ ലംഘിക്കുന്നവരുടെ ഇടുപ്പ് ഭാഗത്ത് ഇത് വെച്ച ശേഷം പിടിയിലായവര്‍ക്ക് രക്ഷപ്പെടാനാത്തവിധം പൂട്ടാനും ഈ ഉപകരണം കൊണ്ട് സാധിക്കും. ലോക്ഡൗണ്‍ വിലക്ക് ലംഘിക്കുന്നവരെ പൊലീസുകാര്‍ക്ക നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ പിടികൂടാനാകുമെന്നതാണ് ഉപകരണം കൊണ്ടുള്ള പ്രധാന നേട്ടം.

Top