chandhra bose muder; nisam case regeted it

ന്യൂഡല്‍ഹി: തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വധിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി മുഹമ്മദ് നിസാം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

നിസാമിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ നീതി പൂര്‍വമായ വിചാരണ നടക്കണമെങ്കില്‍ മൂന്ന് മാസത്തേക്ക് കൂടി വിചാരണ കാലാവധി നീട്ടണമെന്നാണ് നിസാം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ജനുവരി 31നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രീംകോടതി കീഴ്‌ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിസാം പുതിയ ഹര്‍ജി നല്‍കി.

തനിക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളടങ്ങിയ സി.ഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിസാം സ്റ്റേ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിന്റെ അന്തിമ വിചാരണ തൃശൂര്‍ കോടതിയില്‍ നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 29നാണ് ചന്ദ്രബോസിനെ, നിസാം ആഡംബര കാറിടിച്ച് പരിക്കേല്‍പ്പിച്ചത്. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചന്ദ്രബോസ് മരണപ്പെടുകയായിരുന്നു.

Top