വരും ദിവസങ്ങളില്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: വരും ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെ പര്‍വത നിരകളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും ഇന്നലെ മുതല്‍ മഴ പെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഒമാനില്‍ മഴ പെയ്യാനുള്ള കാരണം അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ്. ന്യൂനമര്‍ദത്തിന്റെ ആഘാതം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂടുതലായി അനുഭവപെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ.ജുമാ ബിന്‍ സൈദ് അല്‍ മസ്‌കരി അറിയിച്ചു. ഉപദീപിന്റെ പടിഞ്ഞാറു ഭാഗത്തു കേന്ദ്രികരിച്ചിരിക്കുന്ന ന്യൂനമര്‍ദം, ഇന്ന് മുതല്‍ ഒമാനെ ബാധിച്ചു തുടങ്ങും.

അല്‍ ഹാജര്‍ പര്‍വത നിരകള്‍, അല്‍ വുസ്ത, ദോഫാര്‍ എന്നി പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ മഴ ഉണ്ടായാല്‍ പ്രധാന നിരത്തുകളിലേക്ക്, തോടുകളും വെള്ളക്കെട്ടുകളും കരകവിഞ്ഞ് ഒഴുകുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. കടലില്‍ ശക്തമായ തിരമാല രൂപപെടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം നിര്‍ത്തിവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Top