ചാന്‍സലര്‍ ബിൽ ; ഘടകക്ഷികളെ കൂടി കണക്കിലെടുത്താണ് നിലപാട് സ്വീകരിച്ചതെന്ന് സതീശന്‍

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു. പൊതുനിലപാട് എടുത്തത് അവരുടെ മറുപടി കൂടി കണക്കിലെടുത്തെന്നും സതീശന്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള നടപടിയെ സതീശന്‍ പിന്തുണച്ചത് തെറ്റിധാരണയുണ്ടാക്കിയെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണം. സതീശന്റെ നിലപാടില്‍ വ്യക്തത ഇല്ലായിരുന്നെന്നും വിമര്‍ശനമുണ്ടായി.

അതേസമയം സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങൾക്ക് ലീഗ് മറുപടിയും നൽകിയിരുന്നു. ലീഗ് യുഡിഎഫിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ മറുപടി നൽകിയിരുന്നു.

Top