ചാൻസലറായി ഗവർണർ വേണ്ട; ഓർഡിനൻസ് ഇന്നുതന്നെ രാജ്ഭവന് അയക്കും

തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്ന ഓർഡിനൻസ് സർക്കാർ ഇന്നു തന്നെ അംഗീകാരത്തിനായി രാജ്ഭവന് അയക്കും. ഓർഡിനൻസ് ഒപ്പിടാതെ ഗവർണർ തീരുമാനം വൈകിപ്പിച്ചാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്റെ തീരുമാനം. ഗവർണർ ഒപ്പു വെച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം ഓർഡിനൻസ് ഗവർണർ വിശദോപദേശം തേടി രാഷ്ട്രപതിക്ക് അയച്ചാൽ പിന്നീട് നിയമസഭയിൽ ബിൽ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് അവ്യക്തതയുണ്ട്. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബിൽ കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കിക്കൊണ്ടുള്ള ഓർഡിനൻസ് രണ്ട് ദിവസം മുൻപ് മന്ത്രിസഭ യോഗം പാസ്സാക്കിയിരുന്നു. എന്നാൽ അത് ഇന്നലെ രാത്രി വരെ ഗവർണർക്ക് അയച്ചിരുന്നില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർത്ത് ബിൽ പാസ്സാക്കാൻ കഴിയുമോയെന്ന ചോദ്യം ഉയർന്നത് കൊണ്ടായിരുന്നു ഇത് അയക്കാതിരുന്നത് എന്നാണ് വിവരം.

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ അയക്കട്ടെ എന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. ഓർഡിനൻസിൽ ഗവർണറുടെ നിലപാട് നോക്കി തുടർനടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു. ഗവർണർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാനാണ് സിപിഎമ്മും ഇടതുമുന്നണിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Top