ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തു നിന്ന് ഗവണർറെ നീക്കാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി. നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. ഓർഡിനൻസ് അപ്രസക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ ചാൻസലർ പദവിയിൽ നിന്നും മാറ്റാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രതികരണം.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചിരുന്നു. എന്നാൽ ഈ ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ സർക്കാരിന് മടക്കി അയച്ചു. അടുത്ത മാസം അഞ്ചു മുതൽ നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. നിയമസഭ സമ്മേളിക്കാതിരിക്കുകയും അടിയന്തര സാഹചര്യവുമുള്ളപ്പോഴാണ് ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. അടുത്ത മാസം സഭാ സമ്മേളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ഓർഡിനൻസ് അപ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഓർഡിനൻസ് മടക്കി അയച്ചതിൽ അസ്വഭാവികതയില്ല. ഓർഡിനൻസിന് പകരം സഭാസമ്മേളനത്തിൽ ബിൽ കൊണ്ടു വരുമെന്ന് സർക്കാർ വ്യക്തമാക്കിതയിരുന്നു. ഓർഡിനൻസായാലും ബില്ലായാലും ഒപ്പിടില്ലെന്ന നിലപാടിലാണ് ഗവർണർ. ഡൽഹിയിൽ തുടരുന്ന ഗവർണർ കേന്ദ്രവുമായി കൂടിയാലോചന നടത്തിയേക്കും.

Top