സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്.

പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ്.

അതേസമയം മല്ലപ്പള്ളി മേഖലയില്‍ വെള്ളമിറങ്ങി തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂര്‍ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. പാണ്ടനാട് ഉള്‍പ്പടെയുള്ള മേഖലയില്‍ നിലവില്‍ വെള്ളക്കെട്ട് തുടരുകയാണ്.

Top