വരും മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിള്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും തുടര്‍ന്ന് മഴയുടെ തീവ്രത കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ചക്രവാതച്ചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരും മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Top