തീവ്രന്യൂനമര്‍ദ്ദം നാളെ മാന്നാര്‍ കടലിടുക്കില്‍; മൂന്നു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശ്രീലങ്കയിൽ കരയിൽ പ്രവേശിച്ചു.

പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Top