സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത; പത്തനംതിട്ടയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ, മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. തെക്കൻ തമിഴ്നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനത്തേക്കുമെന്നാണ് റിപ്പോർട്ട്.

കൊച്ചിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് എറണാകുളം അങ്കമാലി മാർക്കറ്റ് റോഡ് മുങ്ങി. നാല് കടകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 5 മണിയോടെയാണ് മഴ തുടങ്ങിയത്. ശക്തമായ കാറ്റിൽ ബേക്കറി കടയുടെ മേൽക്കൂര കാറിനു മുകളിലേക്കു വീണു. ‌സിവിആർ ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന കടയുടെ മേൽകൂരയാണ് തകർന്നത്. സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Top