മെസി – റൊണാള്‍ഡോ പോരാട്ടത്തിന് സാധ്യത, പി എസ് ജി സൗദിയിൽ സൗഹ്രദ മത്സരം കളിച്ചേക്കും

പാരീസ്: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആദ്യമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും രണ്ട ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടാന്‍ ഒരുങ്ങുകയാണ്. മെസി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി രണ്ടരവര്‍ഷത്തെ കരാറിലൊപ്പിടുകയും ചെയ്തതോടെയാണ് സമകാലീന ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ആദ്യമായി രണ്ട് ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടുന്നത്.

ഇതോടെ ഇവര്‍ തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടങ്ങള്‍ ഇനി കാണാനാവില്ലെന്ന ആരാധകരുടെ നിരാശ മാറ്റുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പി എസ് ജി ജനുവരി മധ്യത്തോടെ സൗദിയില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്നും അല്‍-നസര്‍, അല്‍-ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനോട് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാനാവും.

ലോകകപ്പിന് മുമ്പ് മാഞ്ചസ്റ്ററുമായുള്ള കരാര്‍ അവസാനിപ്പിച്ചതോടെ റൊണാള്‍ഡോ ഫ്രീ ഏജന്റായിരുന്നു. തുടര്‍ന്നാണ് റൊണാള്‍ഡോയുമായി സൗദി ക്ലബ്ബ് രണ്ടര വര്‍ഷത്തെ കരാറിലെത്തിയത്. ചരിത്രപരമായ തീരുമാനമെന്നാണ് റൊണാള്‍ഡോയെ ക്ലബ്ബിലെത്തിച്ച നടപടിയെ അല്‍-നസര്‍ വിശേഷിപ്പിച്ചത്. 2025വരെയാണ് റൊണാള്‍ഡോയും അല്‍-നസറുമായുള്ള കരാര്‍.

യുനൈറ്റഡില്‍ 100 മില്യന്‍ ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാല്‍ അല്‍ നസറില്‍ എത്തിയപ്പോള്‍ ഇരട്ടിയോളം രൂപയുടെ കുതിപ്പുണ്ടായി. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് 128 മില്യന്‍ ഡോളറാണ് വാര്‍ഷിക പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യന്‍ ഡോളറുമാണ്

Top