ന്യൂനമര്‍ദം: ഇന്നും നാളെയും വ്യാപകമഴ, യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ചംക്രമണം കടല്‍ നിരപ്പില്‍നിന്ന് 5.8 കിമീ ഉയരത്തില്‍ വരെ വ്യാപിച്ചു കിടക്കുന്നു. ഇത് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കന്യാകുമാരിക്കു സമീപത്തുകൂടി വടക്കുപടിഞ്ഞാറുഭാഗത്തേക്കു നീങ്ങും.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും ആകും. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മേഖലയില്‍ കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ന്യൂനമര്‍ദത്തിന്റെ ഫലമായി ഇന്നും നാളെയും വ്യാപകമഴയുടെ മുന്നറിയിപ്പായ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top