ശക്തമായ മഴക്ക് സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുളളതിനാല്‍ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ജൂലൈ ആറ് വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവര്‍ഷം ജൂലൈ രണ്ടിന് രാജ്യം മുഴുവനായി വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. ഈ വര്‍ഷം നേരത്തേയാണ് കാലവര്‍ഷം രാജ്യവ്യാപകമാകുന്നത്. ബം​ഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷക്ക് മുകളില്‍ ഇത് ന്യൂന മര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായി കേരളത്തില്‍ അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.

Top