സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ കനക്കും. ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയെ കരുതിയിരിക്കണം. ഇന്നും പരക്കെ മഴ സാധ്യതയുണ്ട്.

ആലപ്പുഴ, എറണകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കന്‍ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളില്‍ മഴ ശക്തമാകുന്നത്.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും. നാളെ( ജൂണ്‍ 27 ) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍, വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു ദിവസം ജാര്‍ഖണ്ഡ്, ഛത്തിസ്ഖണ്ഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

 

Top