തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചത്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷ വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി മാറി.

അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്- വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ ഛത്തിസ്ഗഡ് മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Top