ഇന്ത്യയില്‍ നിന്ന് മുങ്ങി വിജയ് മല്ല്യ പൊങ്ങിയത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍

ഓവല്‍: കോടികളുടെ സാമ്പത്തിക തിരിമറി നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിജയ് മല്ല്യ പിന്നീടു പൊങ്ങിയത് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളില്‍.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിനായി ഓവല്‍ അറീനയിലെത്തിയ മല്ല്യയെ കൂവി തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ആരാധകര്‍ സ്വീകരിച്ചത്.

വിരാട് കോലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ഉടമ കൂടിയായ മല്ല്യ കോലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ പങ്കെടുത്തത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

കള്ളന്‍ എന്നു വിളിച്ച് നിര്‍ത്താതെ കൂവിയ ആരാധകരോടുള്ള നീരസം മല്ല്യ മറച്ചു വച്ചില്ല. അത് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടാണ് സ്‌റ്റേഡിയത്തിലെ ഹോസ്പിറ്റാലിറ്റി ബോക്‌സിലേയ്ക്ക് അദ്ദേഹം കയറിപ്പോയത്.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മല്ല്യയെ ഇന്ത്യന്‍ സര്‍ക്കാര്‍ വിട്ടുകിട്ടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവം അരങ്ങേറിയത്.

Top