ഞായറാഴ്ച നടക്കുന്നത് ഇന്ത്യ – പാക്ക് യുദ്ധം, ചങ്കിടിപ്പോടെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍

ബിര്‍മിങ്ങാം: ലോകം ഉറ്റുനോക്കുന്ന ആ യുദ്ധത്തില്‍ വിജയം ആര്‍ക്കൊപ്പമാകും ? സ്പോര്‍ട്സ് പ്രേമികള്‍ മാത്രമല്ല, ലോകത്തെ പ്രത്യേകിച്ച് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങളൊന്നാകെ ആകാംക്ഷയിലാണ്.

അതിര്‍ത്തിയില്‍ ഇന്ത്യ – പാക്ക് സംഘര്‍ഷം രൂക്ഷമാവുകയും അന്താരാഷ്ട്ര തലത്തില്‍ തന്നെ വിഷയം സങ്കീര്‍ണ്ണമായി നില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ലോക മാധ്യമങ്ങളുടെ കണ്ണുകളെല്ലാം ചാംപ്യന്‍സ് ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ – പാക്ക് ക്രിക്കറ്റ് മത്സരത്തിലേക്കാണ്.

രണ്ട് ടീമുകളെ സംബന്ധിച്ചും വിജയത്തില്‍ കുറഞ്ഞതൊന്നും ഓര്‍ക്കാന്‍ പോലും കഴിയുന്നതല്ല. പരാജയപ്പെട്ട് തിരിച്ചു വന്നാല്‍ സ്വന്തം രാജ്യത്ത് നിന്ന് നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍ ഓര്‍ത്താല്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിലാകാനും സാധ്യത കൂടുതലാണ്.

സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാതെ കളിക്കാന്‍ പരിശീലകരുടെ ഭാഗത്ത് നിന്നും പ്രോത്സാഹനമുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ആശങ്ക വിട്ടുമാറിയിട്ടില്ല.

അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരാകേണ്ടി വന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും അതിര്‍ത്തിയില്‍ വലിയ തിരിച്ചടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പാക്ക് സൈന്യവും അതിര്‍ത്തിക്ക് പുറത്തുള്ള ഈ പോരാട്ടത്തിലെങ്കിലും ‘ആശ്വാസം’ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ഇന്ത്യയിലാകട്ടെ, ഭീകരരെ മുന്‍നിര്‍ത്തി പാക്ക് സേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് അതിര്‍ത്തി കടന്നുള്ള രണ്ടാമത്തെ ‘സര്‍ജിക്കല്‍’ സ്‌ട്രൈക്ക് ആയാണ് മത്സരത്തെ ജനങ്ങളും സേനയും നോക്കിക്കാണുന്നത്.

ശാസ്ത്ര രംഗത്ത് ഐ എസ് ആര്‍ ഒ കാഴ്ചവെച്ച ചരിത്രനേട്ടം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനം കുത്തനെ ഉയര്‍ത്തിയതുപോലെ കായിക രംഗത്ത് വലിയ അംഗീകാരം വീണ്ടും ഞായറാഴ്ച രാജ്യത്തെ തേടിയെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

പാക്കിസ്ഥാനുമായി നടന്ന മത്സരങ്ങളുടെ ചരിത്രത്തില്‍ ഇന്ത്യയാണ് വലിയ നേട്ടങ്ങള്‍ കൊയ്തത് എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുക്കുന്ന ഓരോ റണ്‍സും വിക്കറ്റും പാക്കിസ്ഥാന്റെ നെഞ്ചിന് നേരെ ഉതിര്‍ക്കുന്ന വെടിയുണ്ടകളായാണ് ഇവിടെ ജനങ്ങള്‍ കാണുന്നത്.

സമാനമായ വികാരം തന്നെയാണ് പാക്കിസ്ഥാനിലുമുള്ളത്. എവിടെയെങ്കിലും ഇന്ത്യക്ക് മേല്‍ ഒരു വിജയം ആ രാജ്യവും ആഗ്രഹിക്കുന്നു.

ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയിരിക്കുന്നത്.

ബംഗ്ലാദേശിന് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയാണ് ഇന്ത്യയും ഫൈനലിലെത്തിയത്.

ചാംപ്യന്‍സ് ട്രോഫി നേടുക എന്നതിലുപരി എതിര്‍ ടീമിലൂടെ ശത്രു രാജ്യത്തെ പ്രഹരിക്കുക എന്ന വികാരമാണ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങളെ ഞായറാഴച വരെയുള്ള കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നത്.

ഫൈനല്‍ വീക്ഷിക്കാന്‍ വലിയ സംവിധാനങ്ങളാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നത്.

വലിയ സ്‌ക്രീനുകളില്‍ തല്‍സമയ സംപ്രേക്ഷണം നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍ പോലും ഒരുക്കുന്ന തയ്യാറെടുപ്പിലാണിപ്പോള്‍ യുവാക്കളും വിവിധ ക്ലബുകളും.

Top