ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍; സെല്‍ഫ് ഗോള്‍ തുണയായി, ബാഴ്‌സയ്ക്ക് നേട്ടം

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി ബാഴ്‌സലോണ. പന്ത്രണ്ടാം മിനിറ്റില്‍ ലൂക്ക്ഷോ അടിച്ച സെല്‍ഫ് ഗോളാണ് ബാഴ്‌സയ്ക്ക് നേട്ടമായത്. ലയണല്‍ മെസിയുടെ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഹെഡര്‍ യുണൈറ്റഡ് താരം ലൂക്ക്ഷാ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യം ആ ഗോളില്‍ ഓഫ് സൈഡ് വിളിച്ച റഫറി, പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം ഗോള്‍ അനുവദിക്കുകയായിരുന്നു.

സെല്‍ഫ് ഗോളില്‍ മത്സരത്തില്‍ പിന്നിലായതോടെ യുണൈറ്റഡ് കൂടുതല്‍ കരുത്തോടെ കളിക്കാന്‍ തുടങ്ങി. പിന്നീട് പൊരുതല്‍ തുടര്‍ന്നെങ്കിലും ബാഴ്‌സ ഗോള്‍കീപ്പറെ കാര്യമായി തളര്‍ത്താന്‍ യുണൈറ്റഡിന് കഴിഞ്ഞില്ല.

ഇന്നലെ നടന്ന മറ്റൊരു ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ, അയാക്‌സ് സമനിലയില്‍ കുരുക്കി. അയാക്‌സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. യുവന്റസിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, അയാക്‌സിന് വേണ്ടി ബ്രസീല്‍ താരം നെരസുമാണ് ഗോള്‍ നേടിയത്.

Top