സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെട്ട് സിറ്റി, സെമിയില്‍ കടന്ന് ലിവര്‍പൂള്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി. രണ്ടാം പാദത്തില്‍ 2-1നാണ് ലിവര്‍പൂളിന്റെ ജയം. രണ്ട് പാദങ്ങളിലുമായി 5-1ന്റെ മുന്‍തൂക്കവുമായാണ് ലിവര്‍പൂള്‍ സെമിയിലെത്തിയത്.

മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നു സിറ്റിയുടെ തോല്‍വി. ആദ്യം ലീഡ് നേടിയത് സിറ്റിയായിരുന്നു. മൂന്നാം മിനിട്ടില്‍ ബ്രസീല്‍ യുവതാരം ഗബ്രിയേല്‍ ജീസസ് ലിവര്‍പൂള്‍ വല ചലിപ്പിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് സിറ്റിയെ ചിത്രത്തിലേ ഇല്ലാതാക്കി ലിവര്‍പൂള്‍ പടയോട്ടം തുടങ്ങി.

രണ്ടാം പകുതിയില്‍ 56ാം മിനിറ്റില്‍ ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് സമനിലഗോള്‍ നേടി. സമനില ഗോള്‍ വീണതോടെ സിറ്റിയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്മതിച്ചു. പിന്നീട് 77ാം മിനിറ്റില്‍ ഫെര്‍മീനോയിലൂടെ ലിവര്‍പൂള്‍ വിജയഗോളും കണ്ടെത്തി.

സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയവും രണ്ടാം ഹോം പരാജയവുമാണിത്. അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചരിത്രമുള്ള ലിവര്‍പൂളിന് ആറാം കിരീടത്തിലെത്താന്‍ രണ്ട് വിജയങ്ങളുടെ ദൂരം മാത്രമേയുള്ളു.

Top