ചാമ്പ്യന്‍സ് ലീഗ്: റോമക്ക് ചരിത്രനേട്ടം, തകര്‍ന്നടിഞ്ഞ് ബാഴ്‌സ

റോമ: ഇങ്ങനെയൊരു തോല്‍വി ബാഴ്‌സലോണയോ ആരാധകരോ എന്തിന് റോമ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ അട്ടിമറിച്ച് റോമ സെമിയില്‍ കടന്നു. ആദ്യപാദത്തില്‍ 4-1ന് തകര്‍ന്നിടത്തുനിന്നാണ് റോമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റോമയുടെ ജയം. എവേ ഗോളിന്റെ ആനുകൂല്യത്തില്‍ 4-4 എന്ന സ്‌കോറിനാണ് റോമയുടെ സെമി പ്രവേശം.

ആറാം മിനിട്ടില്‍ ജെക്കോയാണ് റോമയുടെ പടയോട്ടത്തിന് തുടക്കം കുറിച്ചത്. ആദ്യപാദത്തിലെ റോമയുടെ ഏകഗോളും ജെക്കോയുടെ വകയായിരുന്നു. ബാക്കി രണ്ട് ഗോളും രണ്ടാം പകുതിയിലായിരുന്നു. 58ാം മിനിട്ടില്‍ പിക്വെയുടെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത ഡി റോസിക്ക് പിഴച്ചില്ല. റോമക്ക് 2-0ത്തിന്റെ ലീഡ്. പിന്നീട് 82ാം മിനിട്ടില്‍ മത്സരത്തിന്റെ വിധിയെഴുതിയ മൂന്നാം ഗോളെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് മനോലസ് ആണ് ഗോള്‍ നേടിയത്.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ തന്നെ ആദ്യമായാകും ഇത്ര വലിയൊരു ആദ്യപാദ ലീഡ് ബാഴ്‌സ കളഞ്ഞുകുളിക്കുന്നത്. 1983-84 സീസണിന് ശേഷം ഇതാദ്യമായാണ് റോമ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടക്കുന്നത്.

2014-15 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയതിന് ശേഷം ഇതുവരെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമി കണ്ടിട്ടില്ല. അതിന് ശേഷമുള്ള എല്ലാ ക്വാര്‍ട്ടറിലും ബാഴ്‌സ വീണു.

Top