ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദം റയലിനും ചെല്‍സിക്കും നിര്‍ണായകം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ സെമി പോരാട്ടം റയല്‍ മാഡ്രിഡിനും ചെല്‍സിക്കും നിര്‍ണായകം. ഇന്ന് പുലര്‍ച്ചെ നടന്ന ആദ്യപാദം സമനിലയില്‍ കലാശിച്ചതോടെ രണ്ടാംപാദത്തില്‍ ജയിക്കുന്നവര്‍ക്ക് ഫൈനല്‍ പ്രവേശം ഉറപ്പാക്കാം.

ചെല്‍സിക്കെതിരെ കരീം ബെന്‍സേമയിലൂടെയാണ് റയല്‍ മാഡ്രിഡ് സമനില പിടിച്ച്. റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിക്കിലൂടെയാണ് നീലപ്പട ആദ്യം ലീഡുയര്‍ത്തിയത്. ആദ്യപകുതിയിലെ 14-ാം മിനിട്ടില്‍ റോഡ്രിഗറിന്റെ അസിസ്റ്റില്‍ നിന്നാണ് പുലിസിക്ക് വല കുലുക്കിയത്.

എന്നാല്‍ ആ ലീഡിന് 15 മിനിട്ടിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. കരീം ബെന്‍സേമയാണ് റയലിനായി സമനില പിടിച്ചത്. മിലിറ്റാവോയുടെ അസിസ്റ്റില്‍ ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു ബെന്‍സേമയുടെ ഗോള്‍.

റയലിനെതിരെ ഗോള്‍ സ്വന്തമാക്കിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന അമേരിക്കന്‍ പ്ലെയറെന്ന നേട്ടവും പുലിസിക്കിനെ തേടിയെത്തി. മറ്റൊരു റെക്കോഡ് കരീം ബെന്‍സേമയും സ്വന്തമാക്കി. റയലിന് വേണ്ടി ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ ഫോര്‍വേഡെന്ന നേട്ടമാണ് ബെന്‍സേമ സ്വന്തമാക്കിയത്.

സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് ബെന്‍സേമയുടെ നേട്ടം.ചെല്‍സിക്കെതിരെ ഗോള്‍ നേടുമ്പോള്‍ 33 വയസും 129 ദിവസുമായിരുന്നു ബെന്‍സേമയുടെ പ്രായം. നേരത്തെ റൊണാള്‍ഡോ 32 വയസും 82 ദിവസും പ്രായമുള്ളപ്പോഴാണ് റയലിനായി സെമി ഫൈനലില്‍ ഗോള്‍ നേടിയത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് റയലിന്റെ നിലവിലെ പരിശീലകന്‍ സിനദന്‍ സിദാനാണ് 30 വയസും 325 ദിവസം പ്രായമുള്ളപ്പോഴാണ് സിദാന്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമി പോരാട്ടത്തില്‍ റയലിനായി വല ചലിപ്പിച്ചത്.ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി പോരാട്ടം ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അടുത്ത മാസം ആറിന് നടക്കും.

 

Top