ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജി മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി

മോസ്‌കോ: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജി യില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്‌കോയാണ് ലോകകപ്പ് ഫൈനല്‍ നടന്ന ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ റയലിനെ അട്ടിമറിച്ചത്.

ക്രൊയേഷ്യന്‍ താരമായ നിക്കോള വ്‌ളാസിച്ച് രണ്ടാം മിനിറ്റില്‍ നേടിയ ഏക ഗോളിലായിരുന്നു സി.എസ്.കെ.എ മോസ്‌കോയുടെ വിജയം. പിന്നീട് 90 മിനിറ്റ് കളിച്ചിട്ടും ജുലന്‍ ലോപറ്റേഗിയുടെ കുട്ടികള്‍ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാന്‍ സാധിച്ചില്ല.

നായകന്‍ സെര്‍ജിയോ റാമോസ്, ഗാരെത് ബെയ്ല്‍, മാഴ്‌സെലോ, ഇസ്‌കോ എന്നീ പ്രമുഖരില്ലാതെയാണ് റഷ്യയില്‍ റയല്‍ കളിക്കാനിറങ്ങിയത്. ഇത് മോസ്‌കോ ശരിക്കും മുതലെടുക്കുകയും ചെയ്തു.

അവസരങ്ങള്‍ മുതലാക്കാന്‍ റയലിന് സാധിക്കാത്തതാണ് തോല്‍വിക്ക് കാരണമായതെന്ന് ലോപറ്റേഗി മത്സരശേഷം പറഞ്ഞു. 30 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് റയല്‍ ഒരു മത്സരത്തില്‍ ഗോള്‍ നേടാതിരിക്കുന്നത്.

മാത്രമല്ല അവസാന മൂന്നു മത്സരങ്ങളിലും റയല്‍ സ്‌കോര്‍ ചെയ്തിട്ടില്ല. റയലിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം.

മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും റയലിന് ഗോളടിക്കാനായില്ല. ഗ്രൂപ്പ് ജിയില്‍ രണ്ടു കളിയില്‍ നിന്ന് മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍. മോസ്‌കോ നാലുപോയിന്റുമായി ഒന്നാമതും.

Top