ചാമ്പ്യന്‍സ് ലീഗ്; സിറ്റിയെ വീഴ്ത്തി, കപ്പില്‍ മുത്തമിട്ട് ചെല്‍സി

പോര്‍ട്ടോ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള ആവേശകരമായ പോരാട്ടത്തില്‍ കപ്പുയര്‍ത്തി ചെല്‍സി. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് നീലപ്പടയുടെ പട്ടാഭിഷേകം. 42ാം മിനിറ്റില്‍ കായ് ഹാവെര്‍ഡ്‌സാണ് ചെല്‍സിക്കു വേണ്ടി വിജയ ഗോള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി കിരീടത്തില്‍ മുത്തമിടുന്നത്.

സെര്‍ജിയോ അഗ്യൂറോയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടസ്വപ്നം പൂവണിഞ്ഞില്ല. മികച്ച പ്രതിരോധത്തിലൂടെ സിറ്റിയെ തടഞ്ഞു നിര്‍ത്തിയ ചെല്‍സി, ഒന്നാം പകുതിയില്‍ നേടിയ ഗോളിലാണ് കിരീടം സ്വന്തമാക്കിയത്. സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പരീക്ഷണമാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയില്‍ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുന്‍തൂക്കം നല്‍കി. എന്നാല്‍ ചെല്‍സിയുടെ പ്രതിരോധമാണ് ടീമിന് വിജയം നല്‍കിയത്.

ചെല്‍സി പരിശീലകന്‍ തോമസ് ടൂഹലിന്റെ മധുരപ്രതികാരമാണ് കിരീട നേട്ടം. കഴിഞ്ഞ സീസണില്‍ പിഎസ്ജി പരിശീലകനായിരുന്ന ടൂഹല്‍ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ബയേണ്‍ മ്യൂണിച്ചിന് മുന്നില്‍ കിരീടം അടിയറവെച്ചിരുന്നു. അക്രമണാത്മക ഫുട്‌ബോളുമായി മാഞ്ചസ്റ്റര്‍ സിറ്റി നിറഞ്ഞു കളിച്ചപ്പോള്‍ ചെല്‍സി പ്രതിരോധത്തിലാണ് ഉന്നല്‍ നല്‍കിയത്. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഒരിടവേളക്ക് ശേഷം ചെല്‍സിയുടെ വിജയാഘോഷത്തിന് സാക്ഷ്യം വഹിച്ചു.

Top