ഝാര്‍ഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന്;എംഎൽഎമാരെ തിരികെയെത്തിച്ചു

ഝാര്‍ഖണ്ഡിൽ മുഖ്യമന്ത്രി ചംപയ് സോറൻ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കും. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ഭരണമുന്നണി എം.എല്‍.എ.മാരെ ഞായറാഴ്ച രാത്രി റാഞ്ചിയില്‍ തിരികെയെത്തിച്ചു. ചംപയ് സോറന്റെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. എം.എല്‍.എ.മാരെ ഹൈദരാബാദില്‍ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.

ഭരണമുന്നണിയിലെ എം.എല്‍.എ.മാരെ ബി.ജെ.പി. കൂറുമാറ്റാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

81 അംഗ മന്ത്രിസഭയില്‍ ഭരണസഖ്യത്തിന് 47 എം.എല്‍.എ.മാരാണുള്ളത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 41 എം.എല്‍.എ.മാരുടെ പിന്തുണ അനിവാര്യമാണ്. ബി.ജെ.പി.ക്ക് 25 എം.എല്‍.എ.മാരും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് മൂന്ന് എം.എല്‍.എ.മാരുമുണ്ട്. എന്‍.സി.പി.ക്കും ഇടതുപാര്‍ട്ടിക്കും ഒരാള്‍വീതവും മൂന്ന് സ്വതന്ത്ര എം.എല്‍.എ.മാരുമുണ്ട്.

മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഭൂമി അഴിമതിക്കേസില്‍ ഇ.ഡി. ബുധനാഴ്ച രാത്രിയാണ് അറസ്റ്റുചെയ്തത്. തൊട്ടുപിന്നാലെ പാർട്ടി ചംപയ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

Top