ചൈനയ്ക്ക് വെല്ലുവിളി; റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ, ഹൈപ്പര്‍സോണിക് മിസൈല്‍ ഒരുങ്ങുന്നു !

വാഷിംഗ്ടണ്‍: റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്. യു എസ് കാണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമേ ഫ്രാന്‍സ്, ഓസ്ട്രേലിയ, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഹൈപ്പര്‍സോണിക് ആയുധ സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിആര്‍എസ് റിപ്പോര്‍ട്ട് അനുസരിച്ച് റഷ്യയുമായി സഹകരിച്ച് ഇന്ത്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കുന്നുവെന്നതിനൊപ്പം ബ്രഹ്‌മോസിന്റെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. 2025ഓടെ ഇന്ത്യ ഹൈപ്പര്‍ സോണിക് മിസൈല്‍ സ്വന്തമാക്കുന്നതില്‍ പ്രാരംഭ പ്രവര്‍ത്തന ശേഷി കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇതിന്റെ ഭാഗമായുള്ള സ്‌ക്രാംജെറ്റ് വിജയകരമായി ഇന്ത്യ പരീക്ഷിച്ചിരുന്നു.

നേരത്ത, ചൈന ആണവായുധ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രഹസ്യമായി ജൂലൈയില്‍ ചൈന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ അത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നാണ് ചൈന അവകാശപ്പെടുന്നത്.

അതേസമയം, ചൈന പരീക്ഷിച്ച ഹൈപ്പര്‍സോണിക് മിസൈല്‍ ഏകദേശം 1,000 മുതല്‍ 1,500 മൈല്‍ ദൂരപരിധിയുള്ളതാണെന്നാണ് യുഎസ് ഇന്റലിജന്‍സ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. പ്രതിരോധ റഡാറുകള്‍ക്കോ ഉപഗ്രഹങ്ങള്‍ക്കോ പെട്ടെന്ന് സഞ്ചാരപഥം കണ്ടെത്താനാകില്ലെന്നതാണ് ഹൈപ്പര്‍സോണിക് മിസൈലുകളുടെ പ്രത്യേകത. അതിനാല്‍ ഇവയെ കണ്ടുപിടിച്ച് നശിപ്പിക്കുകയെന്നത് ദുഷ്‌കരമാണ്.

Top