രാജ്യത്തെ യുവജനങ്ങളെ അഭിമുഖീകരിക്കാന്‍ മോദിയ്ക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവജനങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ധൈര്യമില്ല. ഏതെങ്കിലും സര്‍വകലാശാലയില്‍ പോകാനും പോലീസില്ലാതെ അവിടെ നില്‍ക്കാനും അദ്ദേഹത്തിന് ഇപ്പോള്‍ സാധിക്കില്ല. രാജ്യത്തിനു വേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ജനങ്ങളോട് പറയാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് താന്‍ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

യുവാക്കളുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിന് പകരം നരേന്ദ്ര മോദി രാഷ്ട്രത്തെ വ്യതിചലിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുകയാണ്. യുവാക്കളുടെ ശബ്ദം നിയമാനുസൃതമാണ്, അത് കേള്‍ക്കുക തന്നെ വേണമെന്നും
രാഹുല്‍ പറഞ്ഞു.

പോലീസിനെ ഉപയോഗിച്ച് അദ്ദേഹം അവരെ തകര്‍ക്കുകയാണ്.നമ്മുടെ വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഭയവും ദേഷ്യവുമാണിപ്പോള്‍. കാരണം സാമ്പത്തിക തൊഴില്‍ മേഖലയില്‍ വിനാശകരമായ പരാജയമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അതേസമയം പൗരത്വ നിയമത്തിനെതിരെ തുടര്‍പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം സഖ്യകക്ഷിയായ ഡിഎംകെ ഉള്‍പ്പടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചു.

Top