ബീഹാര്‍ ഗവര്‍ണറുടെ നടപടി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലു പ്രസാദ് യാദവ്

lalu-prasad-yadav

പട്‌ന: ബീഹാര്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്.

ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാറിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച നടപടിക്കെതിരെയാണ് ലാലു കോടതിയെ സമീപിക്കുന്നത്.

ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ ജെ ഡി യെ ആണ് സര്‍ക്കാറുണ്ടാക്കാന്‍ വിളിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നില്‍ ബി ജെ പി യും ജെ ഡി യു വും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ലാലു പ്രസാദ് ആരോപിച്ചു.

അധികാരം നിലനിര്‍ത്താന്‍വേണ്ടിയാണ് നിതീഷ് ബി.ജെ.പിയോടൊപ്പം ചേര്‍ന്നത്. നിതീഷ് വഞ്ചകനും അവസരവാദിയുമാണെന്നും ലാലു പറഞ്ഞു.

2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം ബി.ജെ.പിയെ തോല്‍പ്പിച്ച് വമ്പിച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. താന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് അന്ന് നിതീഷ് മുഖ്യമന്ത്രിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജമായ അഴിമതി രഹിത പ്രതിച്ഛായയുണ്ടാക്കി പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് തന്നെത്തന്നെ അവതരിപ്പിക്കുയാണ് നിതീഷ്. ഇതായിരുന്നു ആഗ്രഹമെങ്കില്‍ താന്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയില്ലായിരുന്നുവെന്നും ലാലു പ്രസാദ് കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍.ജെ.ഡി അധ്യക്ഷനായ ലാലു പ്രസാദ് യാദവ് ഇക്കാര്യം അറിയിച്ചത്.

Top