ചാലക്കുടി രാജീവ് വധക്കേസ് ; മുന്‍കൂര്‍ ജാമ്യം തേടി അഡ്വ.സി.പി.ഉദയഭാനു ഹൈക്കോടതിയിലേക്ക്

കൊച്ചി: അഡ്വ.സി.പി.ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നു. ഇന്ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന.

ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്. അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത്.

ഇതിനിടെ ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.

രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. മറ്റ് നിര്‍ണായക തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

ഉദയഭാനുവിനെതിരെ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചിരുന്നു . പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെകൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികളും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉദയഭാനുവിനെതിരെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Top