ദിലീപിന്റെ ഡിസിനിമാസ് അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭാ തീരുമാനം

തൃശ്ശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭ കൗണ്‍സില്‍ തീരുമാനം.

കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. നിര്‍മ്മാണാനുമതി കൊടുത്തതില്‍ അപാകതയുണ്ടെന്നും നഗരസഭ കണ്ടെത്തി. വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ അടച്ചിടാനാണ് തീരുമാനം.

ഡി സിനിമാസിന് നിര്‍മ്മാണ അനുമതി നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക മുന്‍സിപ്പാലിറ്റി യോഗത്തിലാണ് അടച്ചൂ പൂട്ടല്‍ തീരുമാനമുണ്ടായത്.

നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാനരേഖകള്‍ വ്യാജമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണ്. ബാക്കി സ്ഥാലം വലിയ തമ്പുരാന്‍ കോവിലകം വകയും. സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത് 2005ലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം 2015ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്.

എന്നാല്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലന്നാണ് സര്‍വേ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

ഡിസിനിമാസിന്റെ പുറകില്‍ പുമ്പോക്ക് ഭൂമി ഇല്ല, തീയേറ്ററിനോട് ചേര്‍ന്നുള്ള തോട് സ്വകാര്യ ഉടമസ്ഥതയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആധാരം ഉള്‍പ്പടെ പല രേഖകളും സര്‍വേ വിഭാഗത്തിന് കണ്ടെത്താനായില്ല.

Top