ഞെട്ടിക്കുന്ന ലുക്കില്‍ ചാക്കോച്ചന്‍; നടന്റെ ചാവേര്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

 

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേറിലെ ചാക്കോച്ചന്റെ ഞെട്ടിക്കുന്ന ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു. മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്‍ അശോകനായി മാറിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ആയ അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ലുക്ക് ഔട്ട് നോട്ടീസിന്റെ മാതൃകയില്‍ ചിത്രത്തിന്റെ പരസ്യ നോട്ടീസ് എത്തിയിരുന്നു. ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു അത്. ഇപ്പോഴിതാ അശോകന്‍ പ്രേക്ഷകരുടെ കണ്‍മുന്നിലേക്ക് മറനീക്കി എത്തിയിരിക്കുകയാണ്.

കരിയറിന്റെ രണ്ടാം ഘട്ടത്തില് സ്ഥിരം പാറ്റേണ്‍ വിട്ടുള്ള കുഞ്ചാക്കോ ബോബന്റെ പല പരീക്ഷണങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ആ നിരയിലേക്കാണ് ഈ പുതിയ ചിത്രവും എത്തുന്നത്. മലയാളത്തിലെ ഒരു വ്യത്യസ്ത ത്രില്ലര്‍ സിനിമയാകാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്ന സൂചന തരുന്നതായിരുന്നു സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റില്‍ പോസ്റ്ററും ടീസറും. കത്തിയെരിയുന്ന കാട്ടില്‍ നിന്നും ജീവനും കൊണ്ടോടുന്നൊരാള്‍ക്ക് നേരെ പാഞ്ഞുപോകുന്നൊരു ജീപ്പ്, അതിന് പിന്നിലായി ഓടുകയാണ് ചാക്കോച്ചന്റെ അശോകന്‍ എന്ന കഥാപാത്രവും പിന്നാലെ ഒരു തെയ്യക്കോലവും. മുമ്പേ ഓടിയയാളെ അശോകന്‍ അക്രമിക്കുന്നതായിരുന്നു ടീസറിലുണ്ടായിരുന്നത്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ്: മക്ഗുഫിന്‍, പി.ആര്‍ & മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

 

 

Top