സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐ.പി.എസുകാരി ഇനി ജില്ല ഭരിക്കും !

തിരുവനന്തപുരം: ഒടുവില്‍ ചൈത്ര തെരേസ ജോണിനും ‘ശാപമോക്ഷം’. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ തുടര്‍ന്ന് ക്രമസമാധാന ചുമതലകളില്‍ നിന്നും തഴയപ്പെട്ട ഐ.പി.എസ് ഓഫീസറെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായാണ് നിയമിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എം തിരുവനനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ 2019 – ല്‍ റെയ്ഡ് നടത്തിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ എ.ഡി.ജി.പി മനോജ് എബ്രഹാം ചൈത്രക്കെതിരെ കടുത്ത ശുപാര്‍ശകള്‍ നല്‍കിയിരുന്നില്ല എങ്കിലും, പ്രധാന തസ്തികകള്‍ നല്‍കാതെ സര്‍ക്കാര്‍ ഈ യുവ ഐ.പി.എസ് ഓഫീസറെ തഴയുകയാണ് ഉണ്ടായത്. ഈ അവഗണനക്കാണ് ഇപ്പോള്‍ വൈകിയെങ്കിലും മാറ്റം വന്നിരിക്കുന്നത്. എസ്.പിമാരായ യുവ ഐ.പി. എസുകാരെ ഏറെക്കാലം ക്രമസമാധാന ചുമതല നല്‍കാതെ മാറ്റി നിര്‍ത്താന്‍ കഴിയില്ലന്നതും ചൈത്രയ്ക്ക് തുണയായിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിരുന്നത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും കണ്ടെത്താനായില്ല.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവമാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡില്‍ കലാശിച്ചിരുന്നത്. അറസ്റ്റ് ചെയ്ത  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞിരുന്നത്. ഇതോടെയാണ് ചൈത്രയുടെ നേതൃത്വത്തില്‍ പൊലീസ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വരെ കയറിയിരുന്നത്. കേസില്‍ ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഡി.സി.പി സ്ഥാനത്ത് നിന്നും ചൈത്ര തെറിച്ചിരുന്നത്. മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചിരുന്നത്. ഉണ്ടായ കാര്യങ്ങള്‍ ഡിസിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചെങ്കിലും പിന്നീട് സ്ഥലംമാറ്റപ്പെട്ടു.

ശക്തമായ നടപടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഐ.പി.എസ് ഓഫീസറാണ് ചൈത്ര തേരസ ജോണ്‍. ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ ചൈത്ര തേരസ ജോണ്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണെടുത്തിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയപ്പോള്‍ എന്‍ജിഒ യൂണിയന്‍ ഓഫീസ് റെയ്ഡ് ചെയ്തതും ചൈത്രയുടെ നേതൃത്വത്തിലാണ്.

1983 ഐ.ആര്‍.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോണ്‍. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി. കസ്റ്റംസിലും ഡി.ആര്‍.ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് ഒരുകാലത്ത് സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു. മലബാര്‍ കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ക്കടത്ത് നിരവധി തവണ പിടികൂടി ഞെട്ടിച്ച ഉദ്യോഗസ്ഥന്‍.   ഡി.ആര്‍.ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ചൈത്രയുടെ സ്‌കൂള്‍ പഠനം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട് ചൈത്ര. 2016 ഐ.പി.എസ്. ബാച്ചുകാരി. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐ.പി.എസ്. ലിസ്റ്റില്‍ ഒന്നാമതായിരുന്നു. കേരള കാഡര്‍ ഉദ്യോഗസ്ഥ. വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്റെ തുടക്കം. പിന്നെ, തലശേരി എ.എസ്.പിയായി. ദീര്‍ഘകാലം തലശേരിയില്‍ ജോലി ചെയ്തപ്പോഴും കണ്ണൂരിലെ സി.പി.എമ്മുമായി ഇങ്ങനെ ഉടക്കേണ്ടി വന്നിട്ടില്ല. ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വനിത ഉദ്യോഗസ്ഥയാണ്. പുതിയ തലമുറയിലെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല പ്രകടനം കാഴ്ചവച്ച യുവഉദ്യോഗസ്ഥ.

Top