ഡിസിപി ചൈത്രയുടെ നടപടി വാര്‍ത്തയിലിടം നേടാന്‍; സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ നടപടി വേണമെന്ന്‌ സിപിഎം. വാര്‍ത്തയില്‍ ഇടം പിടിയ്ക്കാനായിരുന്നു റെയ്‌ഡെന്ന് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. ഒരു പ്രതിയെയും ഓഫീസില്‍ ഒളിപ്പിച്ചിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും നിയമസഭ ചേരുന്നതിന്റെ തലേദിവസം നടത്തിയ റെയ്ഡ് മനപ്പൂര്‍വ്വമാണെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എ ഡി ജി പി മനോജ് എബ്രഹാം നാളെ ഡിജിപിക്ക് നല്‍കും. സി പി എം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് ചൈത്രക്കെതരിരായ അന്വേഷണം നടന്നത്. ചൈത്ര തന്റെ വിശദീകരണം എഡിജിപിക്ക് നല്‍കി.

സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കി. അതേസമയം, സംഭവത്തില്‍ ചൈത്രക്കെതിരെ കടുത്ത ശുപാര്‍ശകര്‍ ഉണ്ടാകില്ലെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്.

Top