വെനീസ് ചലച്ചിത്രമേളയില്‍ പുരസ്‌കാരജേതാവായി ചൈതന്യ തംഹാനെ

വെനീസ്: വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെയുടെ ‘ ദ ഡിസിപ്ള്‍’ എന്ന മറാത്തി ഭാഷാ ചിത്രം കരസ്ഥമാക്കി. ‘കോര്‍ട്ട്’ എന്ന സിനിമയിലൂടെ പ്രശസ്തി നേടിയ യുവസംവിധായകനാണ് ചൈതന്യ തംഹാനെ.

ചലച്ചിത്ര നിരൂപകരുടെ ഫിപ്രസി അവാര്‍ഡും ‘ദ ഡിസിപ്ള്‍’ നേടിയിരുന്നു. ജാപ്പനീസ് ചിത്രമായ വൈഫ് ഓഫ് എ സ്‌പൈയുടെ സംവിധായകന്‍ കിയോഷി കുറസോവയാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രത്തിനുള്ള ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരം ചൈനീസ്- അമേരിക്കന്‍ സംവിധായക ക്ലോവി സഹോയുടെ നൊമാഡ്‌ലാന്‍ഡിനാണ്.

രണ്ടുവട്ടം ഓസ്‌കര്‍ ജേതാവായ ആസ്‌ട്രേലിയന്‍ നടിയും സംവിധായികയുമായ കേറ്റ് ബ്ലാന്‍ചറ്റ് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 2001ല്‍ മീര നായരുടെ ‘മണ്‍സൂണ്‍ വെഡിങ്ങി’ന് ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ലഭിച്ചശേഷം ഇതാദ്യമായാണ് യൂറോപ്പിലെ പ്രശസ്തമായ ചലച്ചിത്രമേളയിലെ മറ്റൊരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രം മത്സരിച്ച് പുരസ്‌കാരം നേടുന്നത്.

രാജ്യത്തെ ശാസ്ത്രീയ സംഗീതജ്ഞരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് ‘ ദ ഡിസിപ്ള്‍’. 2014ലെ വെനീസ് മേളയില്‍ തംഹാനെയുടെ ‘കോര്‍ട്ട്’ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കോര്‍ട്ടിന് ലഭിച്ചിരുന്നു.

Top