എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല വഹിക്കവെ എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ മാറ്റുന്നത് പതിവ് കാര്യമാണെന്നും ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ടെന്നുമായിരുന്നു വിഷയത്തിൽ പി സതീദേവിയുടെ പ്രതികരണം. സ്ത്രീപീഡന കേസുകളിൽ നയംമാറ്റം ഉണ്ടായിട്ടില്ലെന്നും ഡബ്ല്യൂസിസിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെയാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടായതും ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയതും. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതെന്നതാണ് ശ്രദ്ധേയം. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ തന്നെ അന്വേഷണ സംഘത്തിനെതിരെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇതിന് പിറകെ എസ് ശ്രീജിത്തിനെതിരെ ദിലീപിന്റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സീമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചത്.

Top