നവകേരള സദസിന് പറവൂര്‍ നഗരസഭ പണം നല്‍കില്ല; ചെയര്‍പേഴ്‌സന്‍ ബീന ശശിധരന്‍

കൊച്ചി: നവകേരള സദസിന് പറവൂര്‍ നഗരസഭ പണം നല്‍കില്ലെന്ന തീരുമാനവുമായി ചെയര്‍പേഴ്‌സന്‍ ബീന ശശിധരന്‍. പണം നല്‍കേണ്ടതില്ലെന്ന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ചെയര്‍പേഴ്‌സന്‍ ബീന ശശിധരന്‍ അറിയിച്ചു. തുക നല്‍കാന്‍ പതിമൂന്നിന് ചേര്‍ന്ന കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ തീരുമാനം വിവാദമായതോടെയാണ് പണം നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് ചെയര്‍പേഴ്‌സന്‍ എത്തുന്നത്.

പദ്ധതി റിവിഷനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് തുക പാസാക്കിയത്. തീരുമാനം അംഗീകാരത്തിനായി നഗരസഭ സെക്രട്ടറി ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറിയിരുന്നു. ഒരു ലക്ഷം രൂപയാണ് നല്‍കാനിരുന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ചെയര്‍പേഴ്‌സന്‍ രംഗത്തെത്തി. തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിയില്‍ തുക വകയിരുത്തിയതെന്ന് ചെയര്‍പേഴ്‌സന്‍ പ്രതികരിച്ചു. നാളെ കൗണ്‍സില്‍ ചേര്‍ന്ന് ഇത് തിരുത്തുമെന്നും ചെയര്‍പേഴ്‌സന്‍ ബീന ശശിധരന്‍ അറിയിച്ചു.

Top