തര്‍ക്കങ്ങള്‍ തുടരുന്നു; ചെയര്‍മാന്‍ സ്ഥാനത്ത് താന്‍ തന്നെയെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനവുമായ് ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വീണ്ടും തുടരുന്നു. വിഷയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരവും ജനാധിപത്യപരവുമായിട്ടാണെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.

നേരത്തെ, ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാട് സമവായത്തിന് തയാറല്ല എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പറഞ്ഞ ജോസഫിന്റെ രാഷ്ട്രീയജീവിതം പലവട്ടം വെന്റിലേറ്ററിലായതാണെന്നും അന്നെല്ലാം അദ്ദേഹത്തെ രക്ഷിച്ചതു കെ.എം. മാണിയാണന്നും പ്രവര്‍ത്തകര്‍ കൂടെയില്ലെന്നു തിരിച്ചറിയുമ്പോഴുള്ള വിഭ്രാന്തികൊണ്ടാണ് ജോസഫിന്റെ പ്രസ്താവനകളെന്നും ജോസ് കെ. മാണി ഞായറാഴ്ച പറഞ്ഞിരുന്നു.

Top