ഹെൽമ്മറ്റില്ലാത്തതിന് വൃദ്ധനെ മർദിച്ച സംഭവം; കേസ് ഒതുക്കി തീർക്കാൻ പോലീസ് നീക്കം

കൊല്ലം: ഹെൽമറ്റില്ലാത്തതിൻ്റെ പേരിൽ ചടയമംഗലത്ത് എസ്ഐ വൃദ്ധനെ റോഡിലിട്ട് മർദ്ദിച്ച കേസ് പണം കൊടുത്ത് ഒതുക്കാൻ പൊലീസ് നീക്കം. തന്നെ സ്വാധീനിച്ച് മൊഴിമാറ്റാൻ എസ്ഐയും സംഘവും ശ്രമിച്ചെന്ന് മര്‍ദ്ദനമേറ്റ രാമാനന്ദൻ നായര്‍ ആരോപിച്ചു. പരാതിക്കാരനറിയാതെ കേസ് പിൻവലിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

2020 ഒക്ടോബർ ഏഴിന് ലോക്ക്ഡൗൺ കാലത്താണ് ചടയമം​ഗലം സ്വദേശികളായ രാമാനന്ദൻ നായരും അജിയും പൊലീസ് മ‍ർദ്ദനത്തിന് ഇരയാവുന്നത്. ഹെൽമറ്റില്ലാത്ത വണ്ടിയോടിച്ചു എന്ന് പറഞ്ഞാണ് വൃദ്ധനായ രാമാനന്ദൻ നായരെ 26-കാരനായ എസ്.ഐ തല്ലിയത്. ഇതു തടയാൻ എത്തിയപ്പോൾ അജിക്കും മർദ്ദനമേറ്റു.

തിരുവനന്തപുരത്തെ ഒരു അഭിഭാഷകനാണ് ഈ കേസിൽ പൊലീസിനെതിരെ പരാതി കൊടുത്തത്. ഒന്നാം സാക്ഷി മർദ്ദനമേറ്റ രാമാനന്ദൻ നായർ. രണ്ടാം സാക്ഷി കൂടെയുണ്ടായിരുന്ന അജി. ഒരു വർഷവും മൂന്ന് മാസവും കഴിയുന്നു. കുറ്റപത്രം ഇതുവരെയും സമർപ്പിച്ചില്ല. രാമാനന്ദൻ നായരെ മർദ്ദിച്ച എസ്ഐ സജീമിനെ സംരക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് പൊലീസ്.

പൊലീസിന് വഴങ്ങാത്തതോടെ രാമാനന്ദനെയും അജിയേയും കള്ളക്കേസിൽ കുടുക്കാനായി ശ്രമം. ഔദ്യോ​ഗിക കൃത്യനിർവഹണത്തിനിടെ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു എന്ന രീതിയിൽ കേസെടുക്കാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.

Top