കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പം ചേര്‍ന്നു. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ആണ്. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. ഒന്‍പത് തവണ തുടര്‍ച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Top