കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസിനെ തിരഞ്ഞെടുക്കും: പി.ജെ.ജോസഫ്

കൊച്ചി: സി.എഫ് തോമസിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുക്കുമെന്ന് പി.ജെ.ജോസഫ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുള്ളതിനാല്‍ അതിന്റെ വിധി വന്ന ശേഷം സി.എഫ്.തോമസിനെ പാര്‍ട്ടി ചെയര്‍മാനായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുടെ നേതൃസമ്മേളനത്തിന് ശേഷമാണ് പി.ജെ.ജോസഫ് ഇക്കാര്യം പറഞ്ഞത്.

ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന സമിതി യോഗം വിളിച്ച ശേഷം ആദ്യമായാണ് ജോസഫ് അനുകൂലികളുടെ നേതൃയോഗം ചേരുന്നത്. പാര്‍ട്ടിയില്‍ നിന്ന് പോയവര്‍ തെറ്റുതിരുത്തി മടങ്ങി വന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോകാം. പാര്‍ട്ടി ഭരണഘടനയനുസരിച്ച് അധികാരമുള്ള ഞങ്ങള്‍ ഇന്ന് ചേര്‍ന്നതാണ് ഔദ്യോഗിക യോഗം. ഭരണഘടനാപരമായി അധികാരമില്ലാത്തയാളാണ് മൂന്നര മിനിറ്റില്‍ ചെയര്‍മാനെ തിരഞ്ഞെടുത്ത യോഗം വിളിച്ചത്. ആ യോഗത്തില്‍ കള്ള ഒപ്പുകളും തട്ടിപ്പുകളും നടന്നു എന്നും പി.ജെ.ജോസഫ് ആരോപിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കും. നിഷ ജോസ് കെ.മാണിയെയാണ് യുഡിഎഫ് തീരുമാനിക്കുന്നതെങ്കില്‍ അവരേയും പിന്തുണക്കുമെന്നും ജോസഫ് അറിയിച്ചു. ഇതാണ് യഥാര്‍ത്ഥത്തിലെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയെന്നും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നും സി.എഫ് തോമസും പ്രതികരിച്ചു.

നേതൃ സമിതിയില്‍ ആകെയുള്ള 27 അംഗങ്ങളില്‍ പതിനഞ്ചിലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തതായി പി.ജെ.ജോസഫ് പറഞ്ഞു. സി.എഫ്.തോമസ് എം.എല്‍.എയും മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാമും, സജി മഞ്ഞക്കടമ്പന്‍ എന്നിവരും യോഗത്തിനെത്തി. നേരത്തെ കെ.എം.മാണിക്കൊപ്പം ഉറച്ച് നിന്ന നേതാക്കളായിരുന്നു ഇവര്‍.

Top