സിഎഫ് മോട്ടോ പുതിയ 700 CL-X ഹെറിറ്റേജ് നേക്കഡ് ബൈക്ക് ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു

പുതിയ 700 CL-X ഹെറിറ്റേജ് നേക്കഡ് ബൈക്ക് ഫിലിപ്പൈൻസിൽ അവതരിപ്പിച്ച് ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ് മോട്ടോ. ഈ മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത് ഇറ്റലിയിൽ നടന്ന 2019 EICMA മോട്ടോർസൈക്കിൾ ഷോയിലാണ്. സ്പോർട്ട്, അഡ്വഞ്ചർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ബൈക്ക് ലഭ്യമാണെങ്കിലും ഫിലിപ്പൈൻസിൽ ഹെറിറ്റേജ് പതിപ്പ് മാത്രമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഹെറിറ്റേജ് മോഡലിന് ഒരു ക്ലാസിക് സ്റ്റൈലിംഗിലാണ് ഒരുങ്ങിയിരിക്കുന്നത്. അതോടൊപ്പം കംപ്ലീറ്റ് വിറ്റ് ടാൻ ലെതർ സീറ്റ്, ഡ്യുവൽ-ടോൺ പെയിന്റ്, ഗോൾഡ് ഡിറ്റൈലിംഗ് എന്നിവയും സിഎഫ് മോട്ടോ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌പോക്ക് വീലുകളിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ഇരട്ട-സ്‌പോർട്ട് ടയറുകളിലാണ് 700 CL-X അഡ്വഞ്ചർ നിരത്തിലെത്തുന്നത്. CL-X സ്‌പോർട്ട് ഒരു കഫെ റേസർ സ്റ്റൈലിംഗിനൊപ്പം ഏറ്റവും ആധുനികമായ ശൈലിയാണ് പ്രതിദാനം ചെയ്യുന്നത്. മറ്റൊരു സീറ്റ്, അല്പം പിന്നിൽ സജ്ജീകരിച്ച ഫുട്പെഗുകൾ, ബാർ-എൻഡ് മിററുകൾ, ലോവർ ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ എന്നിവയാണ് ഈ പതിപ്പിന്റെ പ്രത്യേകതകൾ.

പിറലി ഡയാബ്ലോ റോസോ സൂപ്പർകോർസ ടയറുകളുള്ള അലോയ് വീലുകളാണ് CL-X സ്‌പോർട്ടിന് ലഭിക്കുന്നത്. എന്നിരുന്നാലും മൂന്ന് സി‌എഫ്‌മോട്ടോ 700 മോഡലുകളിലും പുതിയ 692 സിസി, ലിക്വിഡ്-കൂൾഡ് DOHC പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 8,500 rpm-ൽ പരമാവധി 73 bhp കരുത്തും 7,000 rpm-ൽ 68 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡാണ് ഗിയർബോക്സ്. ഇക്കോണമി, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽ‌ഡി ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, യു‌എസ്ബി ചാർജിംഗ് പോയിന്റ് എന്നിവ സ്റ്റാൻഡേർഡായി 700 CL-X മോട്ടോർസൈക്കിളുകളിൽ ലഭിക്കുന്ന സവിശേഷതകളാണ്. 5.64 ലക്ഷം രൂപയുടെ തുല്യ വിലയ്ക്കാണ് മോഡൽ വിപണിയിൽ എത്തുന്നത്. സി‌എഫ്‌മോട്ടോ ഇന്ത്യയിൽ 700 CL-X‌ മോട്ടോർ‌സൈക്കിൾ‌ അവതരിപ്പിക്കുമോ എന്നകാര്യം വ്യക്തമല്ല.

Top