പതിനായിരങ്ങൾ ഇപ്പോഴും ദുരിതത്തിൽ, വീണ്ടുമൊരു പ്രളയം കൂടി ഇനി വന്നാൽ ?

ഹാപ്രളയം കേരളക്കരയെ ദുരിതക്കയത്തിലാഴ്ത്തിയിട്ട് ഒരു വര്‍ഷമാകുന്നു. തുള്ളിക്കൊരു കുടമെന്ന കണക്കില്‍ മഴ പൊഴ്തൊഴിഞ്ഞപ്പോള്‍ കേരള ജനതയ്ക്കു മുന്നിലുണ്ടായിരുന്നത് ഇനിയെന്ത് എന്ന ചോദ്യം മാത്രമായിരുന്നു. വീടുകളും തൊഴിലിടങ്ങളും തൊഴിലുപകരണങ്ങളുമടക്കം സര്‍വ്വവും നഷ്ടമായ പതിനായിരങ്ങള്‍ ഇന്നും പ്രളയക്കെടുതിയില്‍ നിന്നും മോചനം നേടിയിട്ടില്ല.

ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ എന്നു പൂര്‍ത്തിയാകുമെന്നോ, എങ്ങനെ പൂര്‍ത്തിയാകുമെന്നോ ആര്‍ക്കും ഒരു രൂപവുമില്ല. പ്രതീക്ഷിച്ച തുക കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും തമ്മില്‍ നടക്കുന്ന മത്സരത്തെ നിസഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ ജനങ്ങള്‍ക്കും കഴിയുന്നുള്ളൂ.

ആഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നവകേരള നിര്‍മിതിക്കു കൂടുതല്‍ പണം കണ്ടെത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നു സമ്മതിക്കാം. പക്ഷേ, സുതാര്യവും സുരക്ഷിതവുമായി നടപ്പാക്കേണ്ട സെസ് പിരിവ് വ്യാപാരികളുമായി ഏറ്റുമുട്ടി വലിയ തോതിലുള്ള വിലക്കയറ്റത്തിലേക്കു നീങ്ങുമെന്ന ആശങ്ക നിലവിലുണ്ട്. 1,200 കോടി രൂപയുടെ അധിക വരുമാനമാണ് പ്രളയ സെസിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഒരു ശതമാനം സെസ് നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിക്കില്ലെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ ബാധിക്കുമെന്നു തന്നെയാണ് വ്യാപാരികള്‍ വാദിക്കുന്നത്. സെസ് കൂടി ഉള്‍പ്പെടുത്തി, തങ്ങള്‍ നിശ്ചയിക്കുന്ന പുതിയ വിലയുടെ സ്റ്റിക്കര്‍ ഓരോ ഉത്പന്നത്തിനു മുകളിലും ഒട്ടിക്കുമെന്ന വ്യാപാരികളുടെ ഭീഷണിയോടെ സംസ്ഥാനത്ത് വിലക്കയറ്റത്തിനുള്ള അന്തരീക്ഷമാണ് ഒരുങ്ങുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

ഇതിനു പുറമേ കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ജൂലൈ 31ന് അവസാനിച്ചത് ജനജീവിതം ദുസ്സഹമാക്കുക തന്നെ ചെയ്യും. ഇത് അടുത്ത ഫെബ്രുവരി വരെ നീട്ടണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ല. ഈ ആവശ്യവുമായി ബാങ്കുകളെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കാനിരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍.

ഈ പ്രശ്നങ്ങളെല്ലാം നിലവില്‍ സാധാരണക്കാരന് താങ്ങാനാവുന്നതിലുമപ്പുറമായിരിക്കെ സ്വര്‍ണപ്പണയത്തിന്മേല്‍ കൃഷിവായ്പയ്ക്കുള്ള അഞ്ചു ശതമാനം പലിശ സബ്സിഡി അനര്‍ഹര്‍ക്കു നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനമന്ത്രാലയത്തോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടത് റോക്കറ്റ് വേഗത്തിലാണ് നടപ്പാകുന്നത്. ഇതോടെ അര്‍ഹരായവര്‍ക്കും അതു ലഭിക്കാത്ത സാഹചര്യമാണ്.

കുറഞ്ഞ നിരക്കില്‍ വളരെ വേഗത്തില്‍ ലഭ്യമാകുമായിരുന്ന ഒരു സാധാരണ വായ്പയാണു നഷ്ടമാകുന്നത്. സാധാരണ പലിശ നിരക്കായ ഒമ്പതില്‍ അഞ്ചു ശതമാനം സബ്സിഡി അനുവദിക്കുന്നതാണു കാര്‍ഷിക സ്വര്‍ണ വായ്പ. പലിശ സബ്സിഡിയുടെ മൂന്നു ശതമാനം കേന്ദ്രവും രണ്ടു ശതമാനം സംസ്ഥാനവും വഹിക്കുന്നു. രാജ്യത്താകമാനം കഴിഞ്ഞ വര്‍ഷം 80,903 കോടി രൂപയാണ് കൃഷിക്കാര്‍ക്കു വിതരണം ചെയ്തത്. അതില്‍ 50,169 കോടി രൂപ സ്വര്‍ണ വായ്പയാണ്. ഇതില്‍ നിന്നു തന്നെ ഈ വായ്പയുടെ സ്വീകാര്യത വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഇതില്‍ മുക്കാല്‍ പങ്കും കിട്ടിയത് കൃഷിക്കാര്‍ക്കല്ലെന്നാണു സംസ്ഥാന സര്‍ക്കാര്‍ നിഗമനം.

ഒരു വര്‍ഷത്തില്‍ താഴെയാണു വായ്പയുടെ കാലാവധി എന്നതും കൃത്യമായി തിരിച്ചടച്ചാല്‍ മാത്രമേ സബ് സിഡി ലഭ്യമാകുകയുള്ളു എന്നതിനാലും ബാങ്കുകള്‍ക്ക് വളരെ വേഗത്തില്‍ തിരികെക്കിട്ടുന്ന വായ്പയാണിത്. ഇതു കൂടി ഇല്ലാതാക്കുന്നതിനുള്ള തിടുക്കപ്പെട്ടുള്ള സര്‍ക്കാര്‍ നടപടി ശരിക്കും ജനദ്രോഹപരമാണ്.

സ്വര്‍ണപ്പണയത്തിന്മേല്‍ 4 ശതമാനം വാര്‍ഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാര്‍ഷിക വായ്പയായിരുന്നു ഇത്. അനര്‍ഹര്‍ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര സര്‍ക്കാര്‍ നടപടി. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കൃഷിവായ്പ നല്‍കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി കഴിഞ്ഞു.

സബ് സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമാക്കണം, എല്ലാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സബ്സിഡി നല്‍കരുത്, ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കണം, അപേക്ഷകളില്‍ 14 ദിവസത്തിനകം തീരുമാനമെടുക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നത്.

ഇതില്‍ സബ് സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമാക്കണം എന്നതാണ് കേരളം പ്രധാനമായും ഉയര്‍ത്തുന്ന ആവശ്യം. ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചു വരുന്നതേയുള്ളൂ. ഇനി സ്വര്‍ണപ്പണയ കൃഷിവായ്പ നല്‍കരുതെന്ന നിര്‍ദേശം ബാങ്കുകള്‍ എല്ലാ ശാഖകള്‍ക്കും ഇതിനോടകം നല്‍കിയിട്ടുണ്ട്.

ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ. ഇതിനു മുകളില്‍ വായ്പ വേണമെങ്കില്‍ കൃഷിഭൂമി പണയം വയ്ക്കുകയേ ഇനി മാര്‍ഗമുള്ളൂ. സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരും ഇതോടെ പ്രയാസത്തിലാവും. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവായ്പ വാങ്ങുന്നതു കേരളമാണ്. സ്വര്‍ണത്തിന്റെ ഉപഭോഗം മലയാളികളില്‍ കൂടുതലാണ് എന്നതാണു കാരണം.

ഹൗസിങ് ലോണ്‍, വാഹനം വാങ്ങാനുള്ള ലോണ്‍, പഴ്‌സണല്‍ ലോണ്‍ എന്നിവ സാധാരണക്കാര്‍ക്കു കിട്ടാന്‍ പല കടമ്പകളുണ്ട്. ഇതു മറികടക്കാന്‍ കൈവശമുള്ള സ്വര്‍ണം പണയം വയ്ക്കുന്നവരാണ് അധികവും. രാജ്യത്തെ, പ്രത്യേകിച്ചും കേരളത്തിലെ ബാങ്കിങ് മേഖലയുടെ മാന്ദ്യത്തിനും ഈ സര്‍ക്കാര്‍ തീരുമാനം കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ പ്രളയത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ സാധാരണക്കാര്‍ വെട്ടിലാകുമെന്ന് വ്യക്തം.

Staff Reporter

Top