Certifying brain death now a must in Delhi

ന്യൂഡല്‍ഹി: മസ്തിഷ്‌ക മരണങ്ങള്‍ രേഖാമൂലം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഏതെങ്കിലും രോഗമോ അപകടമോ കാരണം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന എല്ലാ കേസുകളും സാക്ഷ്യപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഇത്തരം രോഗികളുടെ ആശുപത്രിവാസം അവരുടെ ബന്ധുക്കള്‍ക്ക് ആശങ്കയും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഉത്തരവ് സഹായിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മസ്തിഷ്‌ക മരണം സംഭവിക്കുന്ന കേസുകളില്‍ മിക്ക ഡോക്ടര്‍മാരും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്ന് ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു.

ഒരു ഡോക്ടര്‍ മസ്തിഷ്‌ക മരണമെന്ന് സംശയം തോന്നുന്ന ഒരു കേസില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ബന്ധമായും ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഒര്‍ഗന്‍സ് ആന്റ് ടിഷ്യൂ ആക്ട് 1994 ലെ സെക്ഷന്‍ 3(6) ല്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ പിന്തുടരണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇത്തരം കേസുകളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെുക്കുന്നതിന് എന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് കണ്ടത്താന്‍ ഒന്നിലധികം ടെസ്റ്റുകള്‍ മെഡിക്കല്‍ ബോര്‍ഡ് നടത്താറുണ്ടെന്ന് എയിംസ് പ്രൊഫസറും ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി വിഭാഗം തലവനുമായ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.

ഒരു വ്യക്തിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഹൃദയം, കിഡ്‌നി, ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളും കോശങ്ങളും അവയവമാറ്റത്തിനായി സജ്ജമാക്കാം.

സംസ്ഥാന സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അവയവദാവനത്തെ ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും നിരവധി ജീവനുകളെ രക്ഷിക്കുകയും ചെയ്യുമെന്ന് ലിവര്‍ ആന്റ് ബിലിയറി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എസ്. കെ സരിന്‍ അഭിപ്രായപ്പെട്ടു.

Top