സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അനാവശ്യമായി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടരുത്

തിരുവനന്തപുരം: സര്‍ക്കാര്‍ജോലിക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണം.

പി.എസ്.സി.യും മറ്റ് നിയമന ഏജന്‍സികളും അപേക്ഷാസമയത്തുതന്നെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും നിര്‍ത്തലാക്കും. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയില്‍ വന്നാലോ മാത്രം പരിശോധനയ്ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ജനങ്ങള്‍ക്ക് സുഗമമായി സേവനം ലഭിക്കുന്നതിന് ഭരണപരിഷ്‌കാര കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന കമ്മിഷന്‍ നല്‍കിയ അഞ്ചാമത് റിപ്പോര്‍ട്ടിലെ ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പൊതുഭരണവകുപ്പ് പുതിയ സംവിധാനം നടപ്പാക്കും.

അനാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടേണ്ടതില്ല. വകുപ്പുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പട്ടിക തയ്യാറാക്കും. ഇവയില്‍ ഒഴിവാക്കാനാവാത്തത് വകുപ്പുകളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും.

അപേക്ഷകരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നല്‍കാവുന്ന ആനൂകൂല്യങ്ങള്‍ തീരുമാനിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്ഥിരം സര്‍ട്ടിഫിക്കറ്റുകളും ഡിജിലോക്കര്‍ സംവിധാനത്തില്‍ നല്‍കും. ഇതിനെ പി.എസ്.സി.യുമായും നിയമന ഏജന്‍സികളുമായും ബന്ധിപ്പിക്കും.

 

Top