ചൈനയെയും ജപ്പാനെയും തള്ളി സേണ്‍. . കണികാപരീക്ഷണങ്ങള്‍ അടുത്ത ഘട്ടത്തില്‍

യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് അഥവാ സേണ്‍ ഏറ്റെടുത്തു നടത്തുന്ന കണികാ പരീക്ഷണത്തില്‍ നിര്‍ണ്ണായകമായ ഒരു ഘട്ടം എത്തിയിരിക്കുകയാണ്. അടുത്ത തലമുറ സൂപ്പര്‍ കൊളൈഡറിന്റെ ഡിസൈന്‍ സേണ്‍ പുറത്തു വിട്ടു കഴിഞ്ഞു.

പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച പഠനങ്ങള്‍ക്കായി കണികളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് പരീക്ഷണം നടത്തുന്ന സേണ്‍ ഇതിനായി 100 കിലോമീറ്റര്‍ വലുപ്പമുള്ള ഹാഡ്രോണ്‍ കൊളൈഡറിനാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്. ഫ്യൂച്ചര്‍ സര്‍ക്കുലര്‍ കൊളൈഡര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. 2040 ആകുമ്പോഴേയ്ക്കും ഇത് പ്രവര്‍ത്തനക്ഷമമാകും.

2008ലാണ് ലാര്‍ജര്‍ ഹാഡ്രോണ്‍ കൊളൈഡര്‍ അഥവാ, എല്‍ എച്ച് സി പ്രവര്‍ത്തനത്തില്‍ വരുന്നത്. വസ്തുക്കളുടെ ഏറ്റവും അടിസ്ഥാനമായ ഹിഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ഈ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്ഗ്സിന്റെയും ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്റെയും പേരുകളില്‍ നിന്നാണു ‘ഹിഗ്ഗ്സ് ബോസോണ്‍ എന്ന പേര്. 2012ല്‍ തന്നെ ഇതുസംബന്ധിച്ച നിര്‍ണ്ണായക വിവരം ലഭിച്ചിരുന്നു. എന്നാല്‍, അതിനുമപ്പുറം കണികാ പരീക്ഷണത്തിന് സംഭാവന നല്‍കാന്‍ ലാര്‍ജര്‍ ഹാഡ്രോണ്‍ കൊളൈഡറിന് സാധിച്ചില്ല.

ഈ കുറവു നികത്താനാണ് അടുത്ത തലമുറ കൊളൈഡര്‍ ഇപ്പോള്‍ വികസിപ്പിക്കുന്നത്. ഹിഗ്‌സ് ബോസോണ്‍ എന്ന ദൈവ കണികകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും എഫ് സി സി യ്ക്ക് സാധിക്കുമെന്ന് ശാസ്ത്രലോകം കണക്കു കൂട്ടുന്നു.

രണ്ട് സൂപ്പര്‍ കൊളൈഡര്‍ ഡിസൈനുകളാണ് ഏഷ്യയില്‍ നിന്ന് വന്നിട്ടുള്ളത്. 2018 നവംബറിലാണ് ചൈന സര്‍ക്കുലര്‍ ഇലക്ട്രോണ്‍ പൊസിട്രോണ്‍ കൊളൈഡറിന്റെ പ്ലാന്‍ പുറത്തു വിട്ടത്. നവംബറില്‍ ജപ്പാനും ഇന്റര്‍നാഷണല്‍ ലീനിയര്‍ കൊളൈഡര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടു. 30-50 കിലോമീറ്റര്‍ ടണല്‍ രൂപത്തിലുള്ളതായിരുന്നു ഈ ഡിസൈന്‍.

എന്നാല്‍, ഈ പദ്ധതിയുടെ ചെലവ് സംബന്ധിച്ച് വ്യക്തതയില്ലെന്ന കാരണത്താല്‍ സേണ്‍ അധികൃതര്‍ ഇത് തള്ളിക്കളഞ്ഞു. എന്നാല്‍, 13 ബില്യണ്‍ ഡോളറായിരുന്നു എല്‍ എച്ച് സിയുടെ ചെലവ്. എന്നാല്‍, ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്ന എഫ്സിസിയുടെ ചെലവ് 15 ബില്യണ്‍ ഡോളറാണ്.

എഫ്സിസി തയ്യാറാക്കുന്നതിന് നാല് ഘട്ടങ്ങളുണ്ട്. 15 വര്‍ഷത്തോളം പണിയെടുത്താല്‍ മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. എന്നാല്‍, ചൈന സ്വന്തം കൊളൈഡര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍ രണ്ട് കൊളൈഡറുകള്‍ ലോകത്ത് നിലനില്‍ക്കുന്നത് താങ്ങാനാകില്ല എന്നാണ് വിദഗ്ധാഭിപ്രായം.

ലോകത്തിലെ ഏറ്റവും വലിയ ഈ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്ന അന്താരാഷ്ട്ര സംഘടന സേണ്‍ 1954 ലെ ഉടമ്പടിപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. അടിസ്ഥാനശാസ്ത്രമേഖലകളില്‍ ഊന്നിയുള്ള ആണവഗവേഷണത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുക എന്നതാണ് സംഘടനയുടെ പ്രധാന ഉദ്ദേശം. സൈനികാവശ്യങ്ങള്‍ക്കായുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടില്ലെന്നും, ഗവേഷണഫലങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുമെന്നും ഉടമ്പടിയില്‍ പറയുന്നു. ഇരുപത് യൂറോപ്യന്‍ രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങള്‍ ആണ്. അതു കൂടാതെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ സഹകരണവുമുണ്ട്.


സേണ്‍ പരീക്ഷണശാല ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലാന്റ് അതിര്‍ത്തിയില്‍, ജനീവയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. കണികാ പരീക്ഷണത്തിന് പുറമെ കംപ്യൂട്ടര്‍ സംബന്ധമായ നിരവധി ഗവേഷണങ്ങളും സേണില്‍ നടക്കുന്നു. വേള്‍ഡ് വൈഡ് വെബ് സേണിലാണ് വികസിപ്പിയ്ക്കപ്പെട്ടത്. ലോകത്തെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കമ്പ്യൂട്ടര്‍ വിഭവങ്ങളെ ഒരൊറ്റ കമ്പ്യൂട്ടേഷണല്‍ വിഭവമായി ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്ന ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പരീക്ഷണങ്ങളെയും സേണ്‍ മുന്നോട്ട് നയിക്കുന്നു.

ശാസ്ത്ര ലോകം അതിന്റെ ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിന് ഒരുമിച്ച് നിന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അഭികാമ്യം. പ്രത്യേകിച്ച് ബൃഹത് പദ്ധതികളാകുമ്പോള്‍. .

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top