എന്‍പിആറില്‍ പുതിയ അടവുമായി കേന്ദ്രസര്‍ക്കാര്‍;മുഖ്യമന്ത്രിമാരെ ചാക്കിടാന്‍ നീക്കം

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

ഇതിന് മുന്നോടിയായി രജിസ്ട്രാര്‍ ജനറലും സെന്‍സെസ് കമ്മീഷണറും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. രാജ്യത്തെമ്പാടും നടക്കുന്ന സെന്‍സസ്, ദേശീയ പൗരത്വ രജിസ്റ്റര്‍ വിവരശേഖരണത്തിന് ചുക്കാന്‍ പിടിക്കുന്നത് രജിസ്ട്രാര്‍ ജനറല്‍ കൂടിയായ സെന്‍സസ് കമ്മീഷണറാണ്. അതിനാലാണ് നേരിട്ട് ഈ ഉന്നത ഉദ്യോഗസ്ഥനെത്തന്നെ, ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നത്.

പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് അവരെ ഒപ്പം നിര്‍ത്തുക എന്നതാണ് കേന്ദ്ര നീക്കത്തിന്റെ ലക്ഷ്യം. ഏപ്രില്‍- സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍,സെന്‍സെസ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. അതുകൊണ്ടാണ് കേന്ദ്രം ഇപ്പോള്‍ അനുനയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.

സര്‍ക്കാരിന്റെ ‘അനുനയ’ നീക്കത്തിന്റെ ഭാഗമായി, കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി, ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കണ്ട് ചര്‍ച്ച നടത്തി. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

ആദ്യമായി കേരളമാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയ എന്ന് പറഞ്ഞ് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. പിന്നീട് പശ്ചിമബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും, രാജസ്ഥാനും, മധ്യപ്രദേശും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുകയുണ്ടായി.

Top